ഗ്രാംഷി, അന്റോണിയോ (Gramsci, Antonio)

രാഷ്ട്രീയ രചനകൾ (Rashtreeya rachanakal) - Kozhikode Progress books 2017 - 682 p.

1926- ല്‍ അന്റോണിയോ ഗ്രാംഷി അറസ്റ്റ് ചെയ്യപ്പെടുന്നത് വരെ എഴുതിയ രാഷ്ട്രീയ ലേഖനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്തവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രാംഷി ഒരു സോഷ്യലിസ്റ്റാകുന്നതിന് മുമ്പ് സാര്‍ഡീനിയയിലെ സ്‌കൂളില്‍ അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായി പഠിച്ചു കൊണ്ടിരുന്നപ്പോള്‍ അതായത് 20-ാം വയസ്സില്‍ എഴുതിയ ”മര്‍ദ്ദിതരും മര്‍ദ്ദകരും” മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവാകുന്നത് വരെയുള്ള ലേഖനങ്ങളാണ് അതില്‍ ആദ്യ ഭാഗത്തുള്ളത്.
സോവിയറ്റാനന്തരം മാര്‍ക്‌സിസ്റ്റുകള്‍ക്കിടയില്‍ പടര്‍ന്ന ആഴത്തിലുള്ള നിരാശയുടേയും ആശയക്കുഴപ്പത്തിന്റേയും സ്ഥലിയില്‍ നിന്ന് ധിഷണയുടെ പുതിയ വെളിച്ചത്തിലേക്ക് മാര്‍ക്‌സിസത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് ഗ്രാംഷിയുടെ ചിന്തകള്‍ വഹിച്ച പങ്ക് ചെറുതല്ല. മാര്‍ക്‌സ് മുന്നോട്ട് വെച്ച അടിത്തറ മേല്‍പ്പുര സങ്കല്‍പ്പത്തെ വൈരുദ്ധ്യാത്മകമായി കണ്ണിചേര്‍ക്കുന്ന പാഠരൂപീകരണത്തിലേക്ക് സൈദ്ധാന്തികാന്വേഷണങ്ങള്‍ വികസിക്കുന്നത് ഗ്രാംഷി തെളിച്ച വെളിച്ചത്തില്‍ നിന്നാണ്. ബ്രൃഹദാഖ്യാനങ്ങളുടെ അന്ത്യം പ്രഖ്യാപിച്ച് മാര്‍ക്‌സിസത്തിന് ചരമക്കുറിപ്പെഴുതാനുള്ള നവമുതലാളിത്തത്തിന്റെ മോഹങ്ങള്‍ക്കേല്‍പ്പിച്ച കനത്തപ്രഹരമായിരുന്നു ഗ്രാംഷിയുടെ ചിന്തകള്‍. പരിസ്ഥിതി, കീഴാളത, സംസ്‌കാരവൈവിധ്യങ്ങള്‍, ഭാഷ തുടങ്ങിയവയുടെ വ്യാഖ്യാനപരിസരം മാര്‍ക്‌സിസത്തിന്റെ നിഷേധമല്ലെന്നും സാധ്യതയാണെന്നും ഗ്രാംഷി അടയാളപ്പെടുത്തുന്നു. എറിക് ഹോബ്‌സ്‌ബോം രേഖപ്പെടുത്തിയത് പോലെ ലെനിനോ സ്റ്റാലിനോ മാവോയ്‌ക്കോ പുതിയ ലോകക്രമത്തില്‍ ഇടതുപക്ഷത്തെ പ്രചോദിപ്പിക്കാന്‍ കഴിയാതിരിക്കുമ്പോള്‍ ഗ്രാംഷിക്ക് അതിന് കഴിയുന്നു എന്നതാണ് അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധരെ പോലും ഇന്ന് അസ്വസ്ഥമാക്കുന്നത്.
ഫാസിസ്റ്റു രാഷ്ട്രീയത്തെ അതിസൂക്ഷ്മമായി അപഗ്രഥിക്കുകയും അതിന്റെ വേരുകള്‍ വിശദീകരിക്കുകയും ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു ഗ്രാംഷി. ഫാസിസം ജനാധിപത്യത്തിന്റെ ഒരു തുടര്‍ച്ചയല്ലായെന്നും വിഛേദമാണെന്നും അദ്ദേഹം സിദ്ധാന്തിക്കുന്നു. എന്തുകൊണ്ട് ഫാസിസം? ഇറ്റലിയെപോലെ ആധുനിക ജീവിതത്തിന്റെ സങ്കേതങ്ങളുമായി ഇടപെട്ടുതുടങ്ങിയ ഒരു ജനത അതിന്റെ സ്വാഭാവിക പരിണാമമായ സോഷ്യലിസത്തെ ഉപേക്ഷിച്ച് ഫാസിസ്റ്റ് ആശയങ്ങളാല്‍ പ്രചോദിപ്പിക്കപ്പെട്ടതെങ്ങിനെ? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാന്‍ ഗ്രാംഷിക്ക് അത് വരെ കടന്നുവന്ന മാര്‍ക്‌സിസ്റ്റ് യുക്തികളില്‍നിന്ന് മാറി നടക്കേണ്ടത് അനിവാര്യമായിരുന്നു. ഫാസിസത്തിന്റെ പ്രഹേളികകള്‍ തിരിച്ചറിയാതെ പകച്ച്‌നിന്ന ഇറ്റാലിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെതടക്കമുള്ള മാര്‍ക്‌സിസ്റ്റ് വിശകലനങ്ങളുടെ പരിമിതികളെ ഗ്രാംഷി അപഗ്രഥിക്കുന്നു. ലെനിന്‍ മുന്നോട്ട് വെച്ച പൗരസമൂഹത്തെക്കുറിച്ചുള്ള പരികല്‍പ്പനകളും പ്രത്യയശാസ്ത്ര മേല്‍ക്കോയ്മയെക്കുറിച്ചുള്ള സൂചനകളും ഗ്രാംഷി സൂക്ഷ്മപഠനങ്ങള്‍ക്ക് വിധേയമാക്കി.
ഇന്നത്തെ ഇന്ത്യന്‍ പരിതസ്ഥിതിയില്‍ ഗ്രാംഷിയുടെ ചിന്തകള്‍ ഫാസിസത്തിന്റെ സാംസ്‌കാരിക മൂലധനത്തെ കണ്ടെടുക്കാനും പ്രതിബോധത്തിന്റെ ജനാധിപത്യശബ്ദങ്ങള്‍ക്ക് വെളിച്ചവും ദിശാബോധവും പകരാനും പര്യാപ്തമാകുമെന്നുറപ്പാണ്. ആ ദിശയിലുള്ള അന്വേഷണങ്ങളും പഠനങ്ങളും ഇപ്പോള്‍ ശക്തിപ്പെടുന്നുണ്ട്. വായനക്ക് മുന്‍വിധികളുണ്ടാക്കുന്നത് ഉചിതമല്ലാത്തത്‌കൊണ്ട് അത്തരം ചിന്തകളിലേക്ക് പ്രവേശിക്കാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ഫാസിസത്തിന്റെ ഭയാനകമായ അലര്‍ച്ചകള്‍ സാമൂഹ്യജീവിതത്തേയും രാഷ്ട്രീയമണ്ഡലത്തേയും അസ്വസ്തമാക്കുന്ന ഇന്ത്യനവസ്ഥയില്‍ പ്രതിബോധത്തിന്റെ ആയുധശേഖരണത്തിന്റെ ഭാഗമായിതന്നെയാണ് ഗ്രാംഷിയന്‍ ചിന്തകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നത്. ഒരു രാഷ്ട്രീയ ഉത്തരവാദിത്വത്തിന്റെ ഭാഗമാണിത്.
കേരളത്തിന്റെ ചിന്താവ്യവഹാരങ്ങളില്‍ എണ്‍പതുകള്‍ക്ക് അവസാനം മുതല്‍ തന്നെ ഗ്രാംഷി അന്വേഷണവിഷയമായി വരുന്നുണ്ട്. ചിന്താരവിയാണ് ആദ്യമായി ഗ്രാംഷിയെ പരിചയപ്പെടുത്തുന്ന പുസ്തകം മലയാളിക്ക് മുന്നില്‍ വെച്ചത്.

9789384638559


Gramsci, Antonio
political essays

320.5 / GRA/R

Powered by Koha