കുഞ്ഞിക്കണ്ണൻ,ടി.പി (Kunhikannan,T.P)

നെഹ്‌റുവിയൻ ഇന്ത്യ ;പുനർവായനയുടെ രാഷ്ട്രീയം (Nehruvian India;Punarvayanayude rashtreeyam) - 2 - തൃശൂർ: (Thrissur:) കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, (Kerala sasthrasahithya parishad,) 2019. - 240p.

സ്വതന്ത്രഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി എന്ന വിശേഷണത്തേക്കാള്‍ ആധുനികഇന്ത്യയുടെ ശില്പി എന്ന വിശേഷണമാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന് കൂടുതല്‍ ഇണങ്ങുന്നത്. മഹാത്മാഗാന്ധിയാണ് നെഹ്‌റുവിനെ ദേശീയസ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വന്നത്. ഇന്ത്യയിലെ അനുഭവങ്ങള്‍ മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ സമ്പത്ത്. സോവിയറ്റ് യൂണിയന്‍ സന്ദര്‍ശനത്തില്‍ അവിടെ ദൃശ്യമായ പുരോഗതിയും വിവിധരാജ്യ ങ്ങളില്‍ നടക്കുന്ന സ്വാതന്ത്ര്യസമരങ്ങളും അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. ശാസ്ത്രീയ സോഷ്യലിസമാണ് ലോകത്തെ ഗ്രസിച്ചിരിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ഏക പ്രതിവിധിയെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന കോണ്‍ഗ്രസ് പ്രസിഡണ്ടായിരുന്നു നെഹ്‌റു. സോഷ്യലിസം എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് സാമൂഹികനീതിയും സാമ്പത്തിക സമത്വവും കൂടിച്ചേര്‍ന്നൊരു രാഷ്ട്രീയവ്യവസ്ഥയായിരുന്നു. ശാസ്ത്രീയ സോഷ്യലിസത്തില്‍ അടിയുറച്ച വിശ്വാസമുണ്ടായിരുന്നുവെങ്കിലും ദേശീയസ്വാതന്ത്ര്യസമരത്തെ രാജ്യത്ത് നടക്കുന്ന സാമൂഹിക, സാമ്പത്തിക, ഉച്ചനീചത്വങ്ങള്‍ക്കെതിരായ സമരത്തില്‍ എങ്ങനെ കണ്ണിചേര്‍ക്കണമെന്ന കാര്യത്തില്‍ കൃത്യമായ ധാരണയുണ്ടായിരുന്നില്ല.
ഇന്ത്യന്‍ഭരണഘടനയുടെ മുഖ്യശില്പികളിലൊരാള്‍ ചേരിചേരാനയത്തിന്റെ ഉപജ്ഞാതാവ്, ലോകനിലവാരത്തിലുള്ള ശാസ്ത്രവിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്രഷ്ടാവ്, ശാസ്ത്രത്തോടും ശാസ്ത്രീയസമീപനങ്ങളോടും ഉള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച ഭരണാധികാരി, ഇന്ത്യയില്‍ ആസൂത്രിതവികസനത്തിന്റെ വക്താവും പ്രയോക്താവും എന്നീ നിലകളിലെല്ലാം നെഹ്‌റു നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ആധുനിക ഇന്ത്യ എന്ന് നിസ്സംശയം പറയാം.
എന്നാല്‍ സമകാലീന ഇന്ത്യയില്‍ നെഹ്‌റുവിയന്‍ സംഭാവനകളെ തമസ്‌കരിക്കുന്നതിന്നും വര്‍ഗീയഫാസിസ്റ്റ് ആശയങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്നതിനുമുള്ള ശ്രമങ്ങള്‍ വളരെ ശക്തിപ്പെട്ടിരിക്കയാണ്. ശാസ്ത്രവും ശാസ്ത്രബോധവും ശാസ്ത്രഗവേഷണവുമെല്ലാം അപ്രധാനമാക്കി കപടശാസ്ത്രത്തിനും ശാസ്ത്രവിരുദ്ധതക്കും മേല്‍ക്കൈ നല്‍കിയിരിക്കയാണ്. മതേതരത്വവും ജനാധിപത്യവും വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്നു. ഈയൊരു അന്തരാളഘട്ടത്തില്‍ നെഹ്‌റുവിയന്‍ സംഭാവനകളുടെ വായനയും പഠനവും ഏറെ പ്രസക്തമാണ് എന്ന ബോധ്യമാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന്റെ യുക്തി. നെഹ്‌റുവിന്റെ സംഭാവനകളെ മഹത്വവത്കരിക്കുകയല്ല അവയെ വര്‍ത്തമാനകാല ചരിത്രഭൂമികയില്‍ നിന്നുകൊണ്ട് പുനര്‍വായിക്കുകയും വിശകലനം ചെയ്യുകയും ആണ് ഈ പുസ്തകത്തിലൂടെ.

9789387807150


India-Political history
Jawaharlal nehru-poltical view
scientific socialism
Politics and government

M954.042 / KUN/N

Powered by Koha